POTHENCODE - Groupsforyou.com

POTHENCODE

തിരുവനന്തപുരം താലൂക്കിന്റെ വടക്കേയറ്റത്തായി വെളളാണിക്കല്‍കുന്നിന്റേയും, മലമുകളിന്റേയും, ആയിരവല്ലിക്കുന്നിന്റേയും താഴ്വാരത്തില്‍ ഗ്രാമ്യഭംഗിയോടെ പ്രകൃതിരമണീയമായ പോത്തന്‍കോട് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. തിരുവനന്തപുരം താലൂക്കിന്റെ വടക്കേയറ്റത്തായി സ്ഥിതി ചെയ്യുന്ന പോത്തന്‍കോട് പഞ്ചായത്ത് 1953-ല്‍ നിലവില്‍ വന്നു. തച്ചപ്പള്ളി, കല്ലൂര്‍ എന്നീ മുറികള്‍ ഉള്‍പ്പെടുന്ന മേല്‍തോന്നയ്ക്കല്‍ വില്ലേജ്, പുലിവീട് മുറി ഉള്‍പ്പെടുന്ന കീഴ്തോന്നയ്ക്കല്‍ വില്ലേജ്, മണ്ണറ, ഇടത്തറ മുറികള്‍ ഉള്‍പ്പെടുന്ന അണ്ടൂര്‍ക്കോണം വില്ലേജ്, അയിരൂപ്പാറമുറി ഉള്‍പ്പെടുന്ന അയിരൂപ്പാറ എന്നീ വില്ലേജുകളിലായി പഞ്ചായത്ത് വ്യാപിച്ചു കിടന്നിരുന്നു. കീഴ്തോന്നയ്ക്കല്‍ വില്ലേജോഫീസ് മാത്രമായിരുന്നു പഞ്ചായത്ത് നിലവില്‍ വരുമ്പോള്‍ ഉണ്ടായിരുന്ന ഏക സര്‍ക്കാര്‍സ്ഥാപനം. 1953-ല്‍ ആറ് വാര്‍ഡുകളാണുണ്ടായിരുന്നത്. പട്ടികജാതി സംവരണം ഉള്‍പ്പെടെ ഏഴ് അംഗങ്ങളെയാണ് അന്ന് തിഞ്ഞെടുത്തത്. ആദ്യ പ്രസിഡന്റ് കെ.ബാഹുലേയന്‍നായരും വൈസ്പ്രസിഡന്റ് അടപ്പിനകം കുഞ്ഞുമുഹമ്മദുമായിരുന്നു. ചന്ദ്രശേഖര പിള്ള, വി.ചാത്തന്‍ (സംവരണാംഗം), പി.കുട്ടന്‍പിള്ള, കുളത്തുംകര മാധവന്‍പിള്ള, ഇടത്താട്ട് കൃഷ്ണപിള്ള എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍. 1953-54 ലെ ആദ്യ ബഡ്ജറ്റ് 1265 രൂപ വരവും 1264 രൂപ ചെലവും കാണിക്കുന്നതായിരുന്നു. ആദ്യ ഭരണ സമിതി 1953 മുതല്‍ 1963 വരെ തുടര്‍ന്നു. പഞ്ചായത്ത് രൂപീകൃതമായപ്പോള്‍ ആഫീസ് സ്ഥിതി ചെയ്തിരുന്നത് പുലിവീട് വാര്‍ഡിലായിരുന്നു. പിന്നീട് പോത്തന്‍കോട് ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു. ഇപ്പോള്‍ ആഫീസ് സ്ഥിതി ചെയ്യുന്ന വസ്തു ആദ്യ പ്രസിഡന്റിന്റെ പേരില്‍ വാങ്ങുകയും, 1958 മേയ് 10-ാം തീയതി ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പഞ്ചായത്തിന്റെ പേര് പോത്തന്‍കോട് എന്നാണെങ്കിലും 1979-ലെ തെരഞ്ഞെടുപ്പിലാണ് പോത്തന്‍കോട് എന്ന വാര്‍ഡ് നിലവില്‍ വന്നത്. പോത്തന്‍കോട് എന്ന സ്ഥല നാമത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ സംഘ കാലത്തിന്റെ പഴമകളിലേക്ക് പോകേണ്ടിവരും. ബുദ്ധന്‍കോട് പുത്തന്‍കോടും പുത്തന്‍കോട് പിന്നീട് പോത്തന്‍കോടുമായി രൂപാന്തരം പ്രാപിച്ചതായി പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഇതൊരു കേട്ടറിവിലൂടെയുളള വിശ്വാസം മാത്രമായി പരിഗണിച്ചാലും പോത്തന്‍കോടിന്റെ പരിസര പ്രദേശങ്ങളില്‍ കാണപ്പെടുന്ന ശാസ്താ ക്ഷേത്രങ്ങളും, അടുത്ത പ്രദേശമായ ശാസ്തവട്ടം എന്ന സ്ഥലനാമവും മടവൂര്‍പ്പാറയിലെ ഗുഹാ ക്ഷേത്രത്തിന്റെ സാമീപ്യവും, പഴക്കവുമെല്ലാം പരിശോധിക്കുമ്പോള്‍ ഇവിടങ്ങളില്‍ ബുദ്ധമത സങ്കേതങ്ങളുണ്ടായിരുന്നുവെന്ന നിഗമനത്തില്‍ ചെന്നെത്തുന്നു.