Kozhikottukaar

കോഴിക്കോട് എന്നത് ഒരു നാട് മാത്രമല്ല! അതൊരു ഒന്നൊന്നര സംഭവം കൂടി...യാണ്. കോയിക്കോട് ബാസക്കുള്ള മയനയും മൊഞ്ചും ബേറെ എവുടത്ത സംസാരത്തിനാ ഉള്ളത് കൂറേ?! ആരു എപ്പോള്‍ കേറി വന്നാലും ഒരരക്ലാസ് പാല്‍ച്ചായയും ഒരു കണ്ടം ചട്ടിപത്തിരീം വെളമ്പാന്‍ പായാത്ത കോയിക്കോട്ടാരനുണ്ടോ ഈ കോയിക്കോട്ട് അങ്ങാടീല്? മുട്ടായി തെരു കത്തിയമരുമ്പം സൊന്തം പീടിയന്റെ തീ കെടുത്താന്‍ ഔക്കറും സസിയും ഉണ്ടാകും എന്ന ഉറപ്പില് ജോണേട്ടന്റെ പീടിയക്ക് വെള്ളം ഒയിക്കാന്‍ പായാനുള്ള മനസ്സുണ്ട് കോയിക്കോട്ടാർക്ക്. “ദാ നോക്കീ” എന്നു പറയുമ്പോൾ നോക്കാനും സഹായിക്കാനും' ഒന്നുമില്ലെങ്കില് അഭിപ്രായം പറയാനും അതുമില്ലെങ്കില് തൊള്ളേം പൊളിച്ച് നോക്കി നിക്കാനും കോയിക്കോട്ടാരുണ്ട്! കോയിക്കോട്ടിന്റെയും കോഴിക്കോട്ടാരുടെയും മെഹബും പായാരോം പറഞ്ഞാ തീരൂല!

അപ്പോ പിന്നെ ഈ ഗ്രൂപ്പ്... കോഴിക്കോടിനും അവിടെയുള്ള തങ്കം പോലുള്ള മൻസ്യമാർക്കും, ബലാലുകൾക്കും, ഇബിലീസുകൽക്കും, ചാത്തന്മാർക്കും വേണ്ടി. എന്തും പറയാനും, ചർച്ച ചെയ്യാനും, സൊറക്കാനും, വെറുതെ വന്നു വായി നോക്കാനും, ചായകുടിക്കാനും വേണ്ടി ഒരു ജങ്ഷൻ. ഒരു പോലീസും പട്ടാളോം അടിച്ചോടിക്കാതെ, ഒരാളും കല്ലെറിയാതെ , കൂട്ടം കൂടി ആക്രമിക്കാതെ ഇങ്ങക്ക് ഇവിടെ പാട്ടും പാടി നടക്കാം! മുട്ടായി തെരൂലും, കടപ്പറത്തും തൊള്ളയും കാട്ടി നിന്നോർക്കും, റഹ്മത്തിലെ ബീഫ് ബിരിയാനി തിന്നാൻ ജോലിയും പഠിപ്പും ഒഴിവാക്കി വന്നിരുന്ന മഹാത്മാക്കൾക്കു വേണ്ടിയും, “മലയാലം” അല്ലാണ്ട് നല്ല അസ്സലു ബിടുബായിത്തം പറയുന്ന സെയ്ത്താന്മാർക്കും, മാനാഞ്ചിറയിലെ പുല്ലിൽ കിടന്നു ആകാശം നോക്കി കടല കൊറിച്ച് സ്വപ്നം കണ്ടവർക്കും വേണ്ടി: കോഴിക്കോട്ടുകാർ!

മേൽ പറഞ്ഞ ലിസ്ടിൽ പെടാത്തവർ, ടോക്കെണെടുത്ത് പേരു രെജിസ്റ്റർ ചെയ്യണമെന്ന് നമുക്ക് യാതൊരു നിർബന്ധവുമില്ല! ഇങ്ങള് ആദ്യം കുത്തിരിക്കീ എന്നിട്ട് നമുക്ക് ചായ കുടിച്ച് ബാക്കി നോക്കാം!

എന്താണ് കോഴിക്കോട്ടുകാര്‍?
കോഴിക്കോട്‌ എന്ന സ്ഥലത്ത്‌ ജനിച്ചു വളര്‍ന്നവര്‍, കോഴിക്കോട് നിന്നും വിട്ടു മറ്റു സംസ്ഥാനങ്ങളിലും, രാജ്യങ്ങളിലും താമസിക്കുന്നവര്‍, ജോലി കാരണമോ, വിവാഹ ശേഷമോ കോഴിക്കൊട്ടെത്തിയവര്‍, പഠനത്തിനോ, ജോലി ആവശ്യങ്ങള്‍ക്കോ, മുന്‍പ് കോഴിക്കോട് വന്നവര്‍... നിന്നവര്‍, കോഴിക്കോടിന്റെ സ്നേഹവും ആതിഥ്യമര്യാദയും അറിഞ്ഞിട്ടുള്ളവര്‍, ... .. ഇങ്ങനെ കോഴിക്കോടിനെയും കോഴിക്കൊട്ടുകാരെയും സ്നേഹിക്കുന്ന ആര്‍ക്കും ഒത്തു കൂടാനും, സംവദിക്കാനും ഒരിടം. ഒരു ഫേസ്ബുക്ക് കോഴിക്കോട്‌ കുടുംബം.

എന്തിനാണീ കോഴിക്കോട്ടുകാര്‍?

പലര്‍ക്കും പല കാഴ്ചപ്പാടുകള്‍...; ചിലര്‍ക്ക് ഇതൊരു പ്രാദേശിക വാര്‍ത്താ ചാനല്‍ ആണ്. കോഴിക്കോട് തീപിടുത്തമുണ്ടായതും, സിനിമാ ഷൂട്ടിംഗ് നടന്നതും, മാവൂര്‍ റോഡില്‍ മഴ വെള്ളം കേറിയതും കോഴിക്കോട്ടുകാര്‍ അറിയുന്നതിന് മുന്‍പ് പ്രവാസികള്‍ അറിഞ്ഞു. ചിലര്‍ക്ക് ഗൃഹാതുരതയുടെ വീര്‍പ്പുമുട്ടലിനു ഒരു ആശ്വാസം. മറ്റു ചിലര്‍ക്ക് സൌഹൃദങ്ങളുടെ കൂട്ടായ്മ... ഇവിടെ നടക്കുന്ന സംവാദങ്ങളിലൂടെ ലഭിക്കുന്ന ലോക വിവരങ്ങളിലാണ് വേറെ ചിലര്‍ക്ക് താല്‍പ്പര്യം.. തമാശകളും, കൊച്ചു വര്‍ത്തമാനങ്ങളും, പത്രവായനയും, ലോകവിവരവും ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്നും നഷ്ടമായിട്ടില്ല എന്ന് ഓര്‍മ്മപ്പെടുത്താന്‍... കോഴിക്കോട്ടുകാര്‍!!!!

ഈ ഗ്രൂപ്പില്‍ രാഷ്ട്രീയമോ മതനിന്ദയോ ദുഷ്പ്രയോഗമോ അശ്ളിലമോ അസഭ്യമോ വ്യക്തികളെ തേജോവധം ചെയ്യുന്നതോ ആയ പോസ്റ്റുകള്‍ യാതൊരു വിധേനയും അനുവദിക്കുന്നതല്ല!!